ഭവന നിര്‍മ്മാണത്തിനും, കുടിവെള്ള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
കല്‍പ്പറ്റ :കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭവന നിര്‍മ്മാണത്തിനും കുടിവെള്ളത്തിനും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്കി 75,57,35,000/ രൂപ വരവും 75,56,60,000/രൂപ ചെലവും 75,000/-രൂപ മെച്ചവുമുള്ള കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.ഹനീഫ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസഡണ്ട് ശകുന്തള ഷണ്മുഖന് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉഷ തമ്പി സ്വാഗതം പറഞ്ഞു. നടപ്പു വര്‍ഷം 10 കോടി ചെലവില്‍ ബ്ലോക്ക് പഞ്ചായത്ത് വിവിധ പഞ്ചായത്തുകളിലായി 350 വീടുകള്‍ പി.എം.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കും. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരുടെ ഭവനങ്ങള്‍ പൂര്‍ത്തീകരണത്തിന് ആവശ്യമായഫണ്ടും വകയിരുത്തിയിട്ടുണ്ട്. 50 ലക്ഷം രൂപ ചെലവില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ സഹായത്തോടെ മേപ്പാടി, മൂപ്പൈനാട്, വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതി ഈ വര്‍ഷം പൂര്‍ത്തീകരിക്കും. കണങജ വാര്‍ഷിക പദ്ധതിയുമായി സംയോജിപ്പിച്ച് ജലപുനര്ജ്ജനി പദ്ധതി ആരംഭിക്കും. മേപ്പാടി ഗ്രാമ പഞ്ചായത്തില്‍ മാങ്ങവയലില് ആരംഭിച്ച ഈ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ ഭാഗങ്ങളിലേക്കും വികസിപ്പിക്കും. നെല്‍ കര്ഷകരെസഹായിക്കുന്നതിന് കൂലിച്ചെലവ് നല്‍കുന്നതിനുള്ള നെല്‍കൃഷി പ്രോത്സാഹന പദ്ധതിയും, തൊഴിലാളി ക്ഷാമം അനുഭവിക്കുന്ന ഈ മേഖലയില്‍ പാഠശേഖര സമിതികള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഇന്‍സെന്റീവ് തുക പണമായി നല്കുന്ന പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വനിതകള്‍ക്ക് മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള സ്ഥലം വാങ്ങുന്ന പദ്ധതിയും, ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായി നൈപുണ്യപരിശീലന കേന്ദ്രം നിര്‍മ്മിക്കുന്നതിനും പദ്ധതി വെച്ചിട്ടുണ്ട്. ക്ഷീര, മൃഗ സംരക്ഷണ, കൃഷി ഓഫീസ് നിര്‍മ്മിക്കുന്നതിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വയോജന സൗഹൃദ കേന്ദ്രം ആരംഭിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ പ്രൊമോട്ടര്‍മാരെയും, സന്നദ്ധപ്രവര്‍ത്തകരെയും, ഉള്‍പ്പെടുത്തി പ്രാക്തന സഹായി, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി- സ്കോളര്‍ഷിപ്പുകള്‍, ഭിന്നശേഷിക്കാരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി നിര്‍മ്മിച്ച് നല്‍കുക, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തുമായി സംയുക്ത പദ്ധതി, തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാര് പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സരുണ്‍.കെ നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍