വാളാരംകുന്നിന് ആഘോഷമായി ഗ്രാമോത്സവം
വെള്ളമുണ്ട: ഖനനമാഫിയകള്‍ സ്വസ്ഥത കെടുത്തിയ ബാണാസുരമലയിലെ വാളാരംകുന്നില്‍ ആദിവാസികള്‍ക്ക് പ്രതീക്ഷയായി ഗ്രാമോത്സവം. കൊല്ലം അമൃത വിശ്വവിദ്യാപീഠം സര്‍വകലാശാലയിലെ സാമൂഹികസേവന വിഭാഗമായ അമ്മച്ചിലാബും സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ഥികളുമാണ് വാളാരംകുന്നില്‍ ആദിവാസി കുടുംബങ്ങള്‍ക്കായി ഗ്രാമോത്സവം സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ തൊഴില്‍ പരിശീലനം മുതല്‍ ബോധവത്കരണ ക്ലാസ്സുകള്‍ വരെ ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നു. വയനാട് ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള ഗിരിനിരയിലെ ആദിവാസി സങ്കേതമാണിത്. പണിയ, കാട്ടുനായ്ക്ക, കുറിച്യ വിഭാഗത്തിലുള്ള ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്. പ്രദേശം ഒരു പതിറ്റാണ്ടായി ഖനന മാഫിയയുടെ പിടിയിലാണ്. രാപകല്‍ ഇരമ്പുന്ന പാറമടയുടെ നടുവിലുള്ള ഇവരുടെ ജീവിതം ദുസ്സഹമാണ്. കുട്ടികള്‍ക്ക് സ്വസ്ഥമായി പഠിക്കാനുള്ള അന്തരീക്ഷം പോലും ഇവിടെയില്ല. ജീവിതനിലവാരം അടിക്കടി പിന്നോട്ടുപോകുമ്പോള്‍ ഇവര്‍ക്ക് പിന്തുണയുമായി അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ഥികള്‍ എത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷം നടത്തിയ ക്യാമ്പിന്റെയും ഗ്രാമോത്സവത്തിന്റെയും തുടര്‍ച്ചയാണ് ഇത്തവണയും നടക്കുന്നത്. കലാകായിക മത്സരങ്ങള്‍ക്കുപുറമെ, പഠനപ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പഠനം നടത്തി നിര്‍ദേശങ്ങള്‍ക്കും പ്രശ്നപരിഹാരത്തിനുമുള്ള വേദിയായും ക്യാമ്പ് മാറുന്നു. പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന ആദിവാസി സമൂഹത്തിനും ഈ ക്യാമ്പ് പുതിയമുന്നേറ്റം നല്കുന്നു. ഒരു കാലത്ത് ലഹരിയുടെ പിടിയിലായിരുന്ന ഈ ഗ്രാമത്തെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമങ്ങളും വിജയം കാണുകയാണ്.
വാളാരംകുന്ന് ഗ്രാമോത്സവം വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം വി.യു. ചാക്കോ അധ്യക്ഷത വഹിച്ചു. അമൃത യൂണിവേഴ്സിറ്റി സോഷ്യല്‍ വര്‍ക്ക് അക്കാദമിക് കോഓര്‍ഡിനേറ്റര്‍ വി.എസ്. കൊച്ചുകൃഷ്ണക്കുറുപ്പ്, ഇ.കെ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വിവിധ കലാകായിക മത്സരങ്ങള്‍ക്ക് അമ്മച്ചി ലാബ് സ്റ്റാഫ് പ്രതിനിധികളായ കെ. ലിതേഷ്, പി. പരമേശ്വരി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍