കുണ്ടാല ഐഡിയല്‍ പ്ലൈവുഡ് ഫാക്ടറി അടച്ചിടാന്‍ ഡിഎംഒ യുടെ നിര്‍ദ്ദേശം

ഫാക്ടറി അടച്ചുപൂട്ടാന്‍ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കി; പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നൂവെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം; മലിനീകരണ ബോര്‍ഡിന്റെ പരിശോധന റിപ്പോര്‍ട്ട് വരുന്നത് വരെ അടച്ചിടാനാണ് ഉത്തരവ്
പനമരം പഞ്ചായത്തിലെ കുണ്ടാലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐഡിയല്‍ വുഡ് ഇന്‍ഡസ്ട്രീസ് ഫാക്ടറിക്കെതിരെയുള്ള പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത സ്ഥാപനം അടച്ചിടാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഡിഎംഓ നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറി താല്‍ക്കാലികമായി അടച്ചിടാന്‍ സെക്രട്ടറി ഉത്തരവിറക്കി.
പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രസ്തുത സ്ഥാപന അധികാരികളോട് നാളെ കോടതി മുമ്പാകെ ഹാജരാകാന്‍ സബ്ബ് കളക്ടറുടെ ഉത്തരവും നിലിവിലുണ്ട്.പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഫാക്ടറിയില്‍ നിന്നും ചില സമയങ്ങളില്‍ കഞ്ഞിവെള്ളത്തിന്റെ നിറത്തിലുള്ളതും, ദുര്‍ഗന്ധവും, ചൊറിച്ചിലും, ശ്വാസം മുട്ടലും ഉണ്ടാക്കുന്നതുമായ മലിനജലം മതിലിന്റെ ഉള്ളില്‍കൂടി വരുന്നതായി കണ്ടെത്തിയെന്നും ഇതില്‍ അമോണിയയുടെ സാന്നിധ്യം കാണുവാന്‍ ഇടയുണ്ടെന്നും പറയുന്നു. സ്ഥാപനം പുറന്തള്ളുന്ന കെമിക്കലുകള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പ്ലാന്റ് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തെ ആറുവീടുകളില്‍ നിന്ന് ശേഖരിച്ച കുടിവെള്ളം പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഒന്നുമാത്രമാണ് തൃപ്തികരമായതെന്നാണ് റിപ്പോര്‍ട്ട്. നാലെണ്ണത്തില്‍ ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്നും ഇവയില്‍തന്നെ ഒന്നില്‍ പിഎച്ച് മൂല്യം കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു സാമ്പിളില്‍ നൈട്രേറ്റ്, അമോണിയ എന്നിവ കൂടിയ അളവിലാണെന്നും ആയത് കുടിക്കുവാന്‍ യോഗ്യതയില്ലാത്തതാണെന്നും പൊരുന്നന്നൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയില്‍ നിന്നും എണ്ണ കലര്‍ന്ന കരി പുകക്കുഴല്‍വഴി വായുവില്‍ പടര്‍ന്ന് അടുത്തുള്ള വീടുകളും പരിസരവും നിറഞ്ഞു പരക്കുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.ആയതിനാല്‍ പ്രസ്തുത മാലിന്യങ്ങളും കെമിക്കല്‍ വേസ്റ്റും ആവശ്യമായ പക്ഷം പ്രദേശത്തെ മണ്ണും വെള്ളവും പരിശോധന നടത്തി 14 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുവാനാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ ഓഫീസര്‍ക്ക് ഡിഎംഓ കത്ത് നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനം മേല്‍ പരിശോധന ഫലം ലഭിക്കുന്നത് വരെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് ഡിഎംഓയുടെ നിര്‍ദ്ദേശം. പ്രസ്തുത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പനമരം പഞ്ചായത്ത് സെക്രട്ടറി ഇന്ന് വൈകുന്നേരത്തോടെയാണ് ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന ഫലം വരുന്നതുവരെയാണ് അടച്ചിടാന്‍ നിര്‍ദ്ദേശമുള്ളത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍