കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഓപ്പണ്‍ഫോറം നടത്തി
മീനങ്ങാടി : പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും നീതി നിര്‍വഹണത്തില്‍ പൊലീസിന്റെ ഇടപെടല്‍ ജനപക്ഷത്ത് നിന്നുകൊണ്ടാവണമെന്നും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി മീനങ്ങാടിയില്‍ നടത്തിയ ഓപ്പണ്‍ഫോറത്തില്‍ അഭിപ്രായമുയര്‍ന്നു. 'പൊതു മനസ്സിലെ പോലീസ് - മിഥ്യകള്‍ യാഥാര്‍ത്ഥ്യങ്ങള്‍' എന്ന വിഷയത്തിലായിരുന്നു ഓപ്പണ്‍ ഫോറം.പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊതുജനങ്ങളും ചര്‍ച്ചയില്‍ പങ്കാളികളായി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന് ഓപ്പണ്‍ഫോറം ഉദ്ഘാടനം ചെയ്തു. പൊലീസിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടില്‍ അടുത്ത കാലത്തായി ഏറെ മാറ്റം വന്നതായി ബീനാ വിജയന് പറഞ്ഞു. മുമ്പ് ഭയപ്പാടോടെയാണ് ജനങ്ങള്‍ പൊലീസിനെ സമീപിച്ചതെങ്കില്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ധൈര്യത്തോടെ കടന്നുചെല്ലാനും പരാതിപ്പെടാനും സാധിക്കുന്നത് പൊലീസും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിന് തെളിവാണ്. കുറ്റകൃത്യങ്ങള്‍ തടയുന്നതിനൊപ്പം സാമൂഹ്യ സേവന മേഖലകളിലും പൊലീസിന്റെ സേവനം ലഭ്യമാവുന്നതായും അവര്‍ പറഞ്ഞു. കെപിഒഎ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുള്‍ ഷെരീഫ് അധ്യക്ഷനായി. കെപിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര് ബിജു മോഡറേറ്ററായി. കെപിഒഎ ആരംഭിച്ച ഓപ്പണ്‍ഫോറം മറ്റ് വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്കും പ്രചോദനം ആവേണ്ടതാണെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം പറഞ്ഞു. പൊതുജനങ്ങളുടെ മനസ്സില്‍ കയറിക്കൂടുന്നതിന് പൊലീസിന് കഴിയണം. ഇതിന് ജനത്തെ അറിയുന്ന മനസ്സാണ് പൊലീസിന് ആവശ്യം. കവലച്ചട്ടമ്പിയുടേത് പോലുള്ള പെരുമാറ്റവും ഭാഷയും ഇപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാവാത്തത് പൊലീസിലുണ്ടായ ശ്രദ്ധേയമായ മാറ്റമാണ്. അഴിമതിയുടെ തോത് പൊലീസില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. പൊലീസുകാര്‍ അധിക സമയവും സ്റ്റേഷനില്‍ തന്നെ ഇരിക്കാതെ പുറത്തെ ക്രമസമാധാന പ്രശ്നങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും ഇടപെടണം. പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാല്‍നൂറ്റാണ്ടിനിടെ ആശാവഹമായ പുരോഗതി ഉണ്ടായതായി സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ജോസഫ് സഖറിയ അഭിപ്രായപ്പെട്ടു. അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചില പുഴുക്കുത്തുകളുള്ളത് സേനക്ക് അപമാനമാണ്. രാജ്യത്തിന്റെ സൈനിക മേധാവി പോലും മതനിരപേക്ഷതക്കെതിരെ സംസാരിക്കുമ്പോള്‍ പൊലീസിന്റെ മതനിരപേക്ഷ നിലപാടുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മാധ്യമ പ്രവര്ത്തകന് ഒ കെ ജോണി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് പൊലീസിന് സമൂഹത്തില്‍ കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വഴങ്ങേണ്ടവരല്ല പൊലീസുകാര്‍. ജനങ്ങളുടെ പൗരാവകാശവും മൗലികാവകാശവും സംരക്ഷിക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. മാധ്യമങ്ങളെ ശത്രുപക്ഷത്ത് കാണുന്ന നിലപാടില്‍ നിന്നും പൊലീസ് മാറണമെന്ന് വയനാട് പ്രസ്ക്ലബ് സെക്രട്ടറി പി ഒ ഷീജ പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നും കുറ്റകൃത്യ സംഭവങ്ങള്‍ മറച്ചു വയ്ക്കാനാണ് പൊലീസ് പലപ്പോഴും ശ്രമിക്കുന്നത്. മാധ്യമങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് കൂടുതല്‍ ജനകീയമായി പൊലീസിന് പ്രവര്‍ത്തിക്കാന്‍ കഴിയേണ്ടതുണ്ടെന്നും ഷീജ പറഞ്ഞു. കെപിഎ ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷും ചര്‍ച്ചയില്‍ പങ്കെടുത്തു. കെപിഒഎ ജില്ലാ സെക്രട്ടറി കെ പി രാധാകൃഷ്ണന് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം വി അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍